Wednesday 31 December 2014

കോസ്റ്റ് വായനശാല


വിടർന്ന കണ്ണുകളുമായി അക്ഷരച്ചെപ്പു തുറന്ന് കുഞ്ഞുഭാവനയുടെ അജ്ഞാത തീരങ്ങളിലേയ്ക്ക് അക്ഷരക്കൈ പിടിച്ച് നടന്ന ബാല്യത്തിൽ... , തീരാദാഹവുമായി വിജ്ഞാനത്തിന്റെയും അറിവിന്റെയും കാ‍ല്പനികതയുടേയും സാഹിത്യത്തിന്റെയും തേൻ നുകർന്ന ബാല്യകൌമാരത്തിന്റെ കല്പടവുകളിൽ..,അക്ഷരത്തിന്റെ അഗ്നിയിൽ നിന്നു പണ്ടേ പകർന്നു കിട്ടിയ കൈത്തിരി കൾ കെടാതെ ജ്വലിപ്പിച്ചു നിർത്തുന്ന യൌവ്വനത്തിൽ.., ഒക്കെ പുസ്തകങ്ങൾ നമ്മുടെ കൂടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.
ഒരു നല്ല പുസ്തത്തിന്റെ പുറങ്ങളിൽ നിന്ന് നമ്മൾക്ക് കിട്ടുന്നത് അല്പനേരത്തെ ആനന്ദമല്ല, മറിച്ച് ഒരു ജന്മം കോണ്ട് ഗ്രന്ഥകാരൻ ആർജ്ജിച്ചെടുത്ത ജീവിതാനുഭവത്തിന്റെ ആകെത്തുകയാകാം, നാം കാണാത്ത വിസ്മയതീരങ്ങളിൽ നിന്ന് കോരിയെടുക്കപ്പെട്ട ചിപ്പിക്കുള്ളിലെ മുത്തുമണികളാകാം. സ്വാനുഭവങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളുടേയും തലങ്ങളിൽ നിന്ന് മനനം ചെയ്ത് എഴുത്തുകാരൻ സ്വാംശീകരിച്ചെടുത്ത അമൃതമാകാം. തീർച്ചയായും, ഓരോ നല്പപുസ്തക വായനയും നമ്മെ കൂടുതൽ മെച്ചപ്പെട്ട മനുഷ്യരാക്കുകയും നമ്മുടെ മനസ്സിനെ പുതുക്കുകയും ചെയ്യുന്നു.

മനസ്സിൽ ആനന്ദത്തിന്റെ സഹസ്രദളപുഷ്പം വിരിയിക്കുന്ന അക്ഷരാനുഭവങ്ങൾ സമ്മാനിച്ച് പടിയിറങ്ങിപ്പോയ സാഹിത്യകാരന്മാരുടെ രചനകളിലൂടെ സഞ്ചരിക്കുമ്പോൾ കാലം കുടപിടിക്കുന്ന സമയതീരങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമാണുണ്ടാകുന്നത്..വായനയുടെ അനുഭവങ്ങൾ മനസ്സിന്റെ ഉള്ളറകളിൽ രേഖപ്പെടുത്തപ്പെടുന്നു, ഒരു ഗ്രാമഫോൺ ഡിസ്കിലെന്ന പോലെ.., പിന്നീട്, എപ്പോഴെങ്കിലും ഓർമ്മകളുടെ സൂചിമുന കൊണ്ടൊന്നു തൊട്ടാൽ മതി അർഥവും മധുര സംഗീതവുമുയരാൻ.
ഈ സൈബർ ലോകത്തിന്റെ വേഗക്കുതിപ്പിലും പുസ്തകങ്ങൾ മരിക്കുന്നില്ല എന്ന അറിവിനെ മെരുക്കി വളർത്താൻ തൃശ്ശൂർ കളക്ടറേറ്റ് ഓഫീസിലെ ജീവനക്കാരുടെ റിക്രിയ്യേഷൻ ക്ലബായ COAST,എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ തൃശ്ശൂർ കളക്ടറേറ്റ് ജീവനക്കാർക്കു വേണ്ടി കോസ്റ്റ് വായനശാല എന്ന സംരംഭവുമായി പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നു. ഈ പുത്തൻ ചുവടു വയ്പിലേക്ക് എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കട്ടേ..